10:53am 12 November 2026
NEWS
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക നീക്കം
11/05/2026  05:41 PM IST
nila
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക നീക്കം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഭിന്നതകളില്ലാത്ത അന്തിമ തീരുമാനത്തിലെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിനായി സംസ്ഥാനത്തെ മുൻ കെപിസിസി പ്രസിഡന്റുമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിച്ചു വരുത്തി അഭിപ്രായം തേടാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. സോണിയാ ​ഗാന്ധി, മല്ലികാർജ്ജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി എന്നിവർ തമ്മിൽ നടത്തിയ ചർച്ചകൾക്കുശേഷമാണ് നിർണായക തീരുമാനം ഉണ്ടായത്.

ഇതിന്റെ ഭാഗമായി കെ.മുരളീധരൻ, കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എം. സുധീരൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ തുടങ്ങിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേതാക്കളുമായുള്ള കൂടിക്കാഴ്ച നാളെയാണ് നടക്കുക. മുരളീധരനും സുധാകരനും രാവിലെ തന്നെ ഡൽഹിയിലെത്തും. മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണിലൂടെ തന്റെ നിലപാട് അറിയിക്കുമെന്നാണു വിവരം.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി സംസ്ഥാനത്ത് ഉയർന്നുവരുന്ന വികാരങ്ങളും രാഷ്ട്രീയ പ്രതിഫലനങ്ങളും സംബന്ധിച്ച്  പ്രിയങ്ക ​ഗാന്ധിയുമായി രാഹുൽ ഗാന്ധി പ്രത്യേകമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഇതിന് മുമ്പ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെയും അഭിപ്രായം ഹൈക്കമാൻഡ് തേടിയിരുന്നു. ഘടകകക്ഷി നേതാക്കളുമായി വീണ്ടും ആശയവിനിമയം നടത്താനും ദേശീയ നേതൃത്വം ഒരുങ്ങുകയാണ്.

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അധികാരത്തിലെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്കും വിഭാഗീയതയ്ക്കും വഴിവെക്കരുതെന്ന ആശങ്കയാണ് ഹൈക്കമാൻഡിനുള്ളത്. പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കാത്ത തരത്തിൽ എല്ലാ വശങ്ങളും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നാണ് സൂചന. മൂന്ന് പ്രധാന നേതാക്കൾ തമ്മിലുള്ള മത്സരാവസ്ഥ പരിഹരിക്കാൻ ഉപമുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ള ചില ഫോർമുലകൾ പരിഗണിച്ചെങ്കിലും അതിന് വ്യാപക പിന്തുണ ലഭിച്ചില്ല.

ഇതിനിടെ, കെ സി വേണു​ഗോപാൽ അനുകൂലികളും കെ. സുധാകരൻ പക്ഷവും ചേർന്ന് സംയുക്ത യോഗം നടത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. സുധാകരന്റെ വസതിയിൽ യോഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ മാധ്യമപ്രവർത്തകർ സ്ഥലത്തെത്തിയതോടെ യോഗം വൈകി. സുധാകരൻ അനുകൂലിയായ മുഹമ്മദ് ഫൈസലും കെ.സി. വേണുഗോപാൽ അനുകൂലിയായ രാജീവൻ എളയാവൂരും ചേർന്നാണ് യോഗത്തിന് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img